കനോലി കനാല്‍, കനോലി സായ്‌വ്, അദ്ദേഹത്തിന്റെ അന്ത്യം

വെള്ളപ്പൊക്കം കഴിഞ്ഞ്, ആഗസ്ത് 28, 2018ന്ന് നഗരസഭ കനോലിക്കനാല്‍ വൃത്തിയാക്കാന്‍ തുടങ്ങിയെന്ന വാര്‍ത്ത പത്രത്തില്‍ കണ്ടു. അതില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് വസ്ഥുക്കളുടെ കൂമ്പാരങ്ങള്‍, തീരാത്ത ഒരു കൂമ്പാരമായും തോരാത്ത പ്രശ്‌നമായും തുടരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ മലബാര്‍ കലക്ടരായിരുന്ന കനോലി സായ്‌വ് കല്ലായിപ്പുഴയും എലത്തൂര്‍പുഴയും തമ്മില്‍ ബന്ധിപ്പിച്ചുള്ള ഗതാഗതത്തിന്നുവേണ്ടിയുണ്ടാക്കിയ ആ ജലപാത ഇന്ന് മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായി മാറി. നല്ല കാര്യം ചെയ്ത ആ ഭരണാധികാരി നമ്മുടെ നാട്ടുകാരാല്‍ത്തന്നെ അദ്ദേഹത്തിന്റെ ഭാര്യയുടെ മുന്നില്‍ വെച്ച് 1855 സപ്തമ്പര്‍ 11ന്ന് ദയനീയമായി വധിക്കപ്പെടുകയും ചെയ്തു.

പഴയകനോലികനാല്‍ ഒരു മധുരസ്മരണ
ഞാന്‍ 1945ല്‍ കോഴിക്കോട്ട് ജനിച്ചു, കനോലികനാലിന്റെ പരിസരത്ത് ജീവിച്ചു, കനോലിക്കനാലിനെ അന്ന് വേണ്ടുവോളം ആസ്വ്ദിച്ചു ജീവിച്ച എഴുപതു കഴിഞ്ഞ എന്നെസംബന്ധിച്ച് പഴയ കനോലികനാല്‍ ഒരു മധുരസ്മരണയായി നിലകൊള്ളുന്നു. ഇന്നത്തെ ജവഹര്‍നഗര്‍ കോളണിയും വാണിജ്യനികുതി കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് അന്നുണ്ടായിരുന്നത് വിശാലാമായ പച്ചപ്പാടങ്ങളായിരുന്നു. അത് മുത്തപ്പന്‍കാവു വരെ ഉണ്ടായിരുന്നു. അതിന്റെ പടിഞ്ഞാറേക്കരയില്‍ താമസിച്ചിരുന്ന ഞങ്ങളുടെ; രാവിലത്തെ കാഴ്ച്ച കനോലിക്കനാലിന്റെ ഭാഗത്തുനിന്നുദിച്ചുയരുന്ന സൂര്യനായിരുന്നു.

വയലിന്റെ മക്കള്‍:
പാടങ്ങളൂടെ നടുവില്‍ ഒന്നോ രണ്ടോ ചെറിയ മണ്‍കൂമ്പാരങ്ങള്‍ പോലെയുള്ള ചെറിയ പറമ്പുകളില്‍ സ്ഥിതിചെയ്തിരുന്ന ഓലക്കുടിലുകളില്‍ വയലില്‍ പണിയെടുക്കുന്നവര്‍ ജീവിച്ചിരുന്നു. അതില്‍ തെയ്യത്ര എന്ന് പേരുള്ള ചെറുമ വര്‍ഗ്ഗത്തില്‍ പെട്ടയാളും കുടുമ്പവും ഒരു മണല്‍തിട്ടയിലെ ചാണകം മെഴുകിയ ചെറ്റക്കുടിലില്‍ താമസിക്കുന്നു. ആ സ്ഥാനത്ത് ഇന്ന് ജവഹര്‍ നഗര്‍ റെസിഡന്റ്‌സ് അസ്സോസിയേഷന്റെ ഓഫീസ് സ്ഥിതിചെയ്യുന്നു. താടിയും മുടിയും നീട്ടിയ നിലയിലുള്ള തെയ്യത്ര; സാള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയില്‍ ലാല്‍ പിടികൂടി വീട്ടില്‍ താമസിപ്പിച്ച മൂപ്പന്റെ രൂപമായിരുന്നു. തെയ്യത്ത്രയുടെ ഭാര്യ ചിരുത, മകള്‍ വള്ളിക്കുട്ടി എന്ന പന്ത്രണ്ട്കാരി, തെയ്യത്ര ദമ്പതികള്‍ക്ക് ഏകപുത്രി. വള്ളിക്കുട്ടി മാതാപിതാക്കള്‍ക്ക് ഒരു ചെറിയകുട്ടിയെപ്പോലെയായിരുന്നു അവളെ ചെറിയകുട്ടികളെ കൊണ്ടുപോകുന്നത് പോലെ അമ്മ ചിരുതയുടെ ഇടത് ഭാഗത്തെ ഒക്കത്ത് വെച്ചു വലത്തോട്ട് അല്‍പം ചരിഞ്ഞുകൊണ്ട്, കുറുക്കന്‍കാവ് പരിസരത്തെ ആണ്ടിയുടെ ചായപ്പീടികയില്‍ കൊണ്ടുപോയി രാവിലെ എന്നും പിട്ടും കടലക്കറിയും വാങ്ങി കുഴച്ച് വായിലേക്ക് തിരുകിക്കൊടുക്കും. കറുത്തിരുണ്ട്, ചുരുളന്‍ മുടിയോടെ വളര്‍ന്ന വള്ളിക്കുട്ടി യുവതിയായപ്പോള്‍ സ്വാഭാവികമായും ഒരു കൗതുകമുണ്ടായിരുന്നു. കലാസ്‌നേഹിയായ തെയ്യത്ര വീടിന്റെ പരിസരം നെല്‍ക്രിഷി നടത്താത്ത ഒരു വേനല്‍ക്കാലത്ത് ഒരു നാടകമൊരുക്കി. കഥ രാമായണമായിരുന്നു. രാമായുണം എന്നാണ് തെയ്യത്ര ദമ്പതികള്‍ പറഞ്ഞിരുന്നത്. വള്ളിക്കുട്ടി എന്ന വാക്ക് നാക്കില്‍ ശരിക്ക് വരാത്തതിനാല്‍ അള്ളിപ്പുട്ടി എന്ന് മാതാപിതാക്കള്‍ വിളിക്കുന്ന വള്ളിക്കുട്ടി അതില്‍ സീതയുടെ വേഷമായിരുന്നു. അടുത്തുതന്നെ താമസിക്കുന്ന സഹദേവന്‍ എന്ന ചെറുമ യുവാവ് ശ്രീരാമനും. രാവണനായി പാട്ടിരാമന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രാമന്‍. പാണന്‍ ജാതിയില്‍ പെട്ട സ്ര്തീകളെ പാട്ടി എന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങിനെയൊരു പാട്ടി ജാനുവിനെയായിരുന്നു രാമന്‍ വിവാഹം കഴിച്ചിരുന്നത്. അങ്ങിനെ ‘വെറുതെയൊരുരാമന്‍’ പാട്ടിരാമനായി. രാമന്‍ എന്ന വിവാഹിതന്‍ നാടകം അവസാനിക്കുമ്പോഴേക്കും അള്ളിപ്പുട്ടിയുടെ കാമുകനായി മാറി. അതിനെച്ചൊല്ലി കുടുംബങ്ങള്‍ തമ്മില്‍ മലയാള ഭാഷയില്‍ ഉള്ളതും ഇല്ലാത്തതുമായ വാക്ക്ശരങ്ങളുണ്ടായി. ഇന്ന് ജവഹര്‍ നഗര്‍ കോളണിയുള്ള ഭാഗത്ത് അങ്ങിനെ പലതും നടന്നു. വേനല്‍ക്കാലങ്ങളില്‍ ഫൂട്ട്ബാള്‍ കളികളും അവിടെ നടന്നു. ഫുട്ട്ബാള്‍ കളി, നാടകങ്ങള്‍ എന്നിവ ആ പ്രദേശത്തെ ജനങ്ങളുടെ ഹൃദയത്തുടിപ്പിന്റെ ഭാഗംപോലെയായിരുന്നു. എലക്ഷന്‍ സമയങ്ങളില്‍ രാഷ്ട്രീയ നാടകങ്ങളും കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും പാര്‍ട്ടികള്‍ അവിടെ നടത്തി. കണ്ണൂര്‍ അലവില്‍ ദേശീയ കലാസമിതിയുടെ കോണ്‍ഗ്രസ്സ് നാടകങ്ങള്‍ രസകരങ്ങളായിരുന്നു. പാമ്പന്‍ മാധവന്‍ എന്ന ആളായിരുന്നു ആ നാടകങ്ങള്‍ പലതിന്റെയും സൃഷ്ടാവ്. അന്നത്തെ ജനങ്ങള്‍ക്ക് സുപരിചിതമായിരുന്ന നുകം വെച്ച കാളയും അരിവാളും കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റിന്റെയും ചിഹ്നങ്ങളും ആയിരുന്നു അന്ന്.

വൈകുന്നേരമായാല്‍ പ്രത്യേകിച്ച് ഞായറാഴച്ച വൈകുന്നേരങ്ങളില്‍ അച’ന്റെ കൂടെ ഞാനും എന്റെ വിയേച്ചി എന്ന് വിളിക്കുന്ന ചേച്ചിയും നെല്‍പ്പാടങ്ങളുടെ നടുവില്‍കൂടിയുള്ള വരമ്പു വഴി കനോലിക്കനാലിന്റെ തീരങ്ങളില്‍ ചെന്നിരുന്നു കാറ്റ് കൊള്ളുമായിരുന്നു ഞങ്ങള്‍ പൊതിയില്‍ കൊണ്ടുപോകുന്ന ചന്തപ്പന്റെ പീടികയിലെ വറുത്തകായക്ക് അവിടെയിരുന്ന് തിന്നുമ്പോള്‍ ഒരു പ്രത്യേക സ്വാദായിരുന്നു. കനോലിക്കനാലില്‍ കൂടി തുഴഞ്ഞുപോകുന്ന നാടന്‍ തോണികള്‍ മനോഹരമായ കാഴ്ച്ചയായിരുന്നു. ഇന്നത്തെ പാസ്‌പോര്‍ട്ടാപ്പീസിന്റെയും സഹകരണ ആസ്പത്രിയുടെയും കിഴ്ക്കു ഭാഗത്തുള്ള റോഡിന്റെ സ്ഥാനത്ത് അന്ന് ഇരിക്കാന്‍ പറ്റിയ പുല്ലുകൊണ്ട് സമ്ര്ദ്ധമായ വരമ്പായിരുന്നു. ഇന്നത് മിനിബൈപാസ് റോഡായി മാറി സഹകരണ ആസ്പത്രിയുടെ മറുഭാഗത്ത് ധാന്യം പൊടിക്കുന്ന ഒരു മില്ലുണ്ടായിരുന്നു. ഒരിക്കല്‍ അവിടെയിരിക്കുമ്പോള്‍, കനാലില്‍ വെള്ളം കുറഞ്ഞ സമയത്ത് ഒരു പാവംവൃദ്ധ അരക്കു മേലെവരെ വെള്ളമുള്ളതിനാല്‍ മുണ്ട്; അരക്ക് മുകളില്‍ വരെ കയറ്റി ബ്ലൗസ് മാത്രം കാണുന്ന രീതിയില്‍ പൊടിപ്പിക്കുവാനുള്ള ധാന്യത്തിന്റെ തുണിസഞ്ചി തലക്ക് മുകളില്‍ വെച്ചുകൊണ്ട് കനാല്‍ മുറിച്ച് കടക്കുന്നത് കണ്ട് അത്ഭുതത്തോടെ അന്ന് ഏഴോ എട്ടൊ വയസ്സ് മാത്രം പ്രായമുള്ള ഞാനും ഒന്‍പത്കാരിയായ വിയേച്ചിയും നോക്കിയത് ഇന്നും ഓര്‍ക്കുന്നു. ശരിക്കും ഒരു ഗ്രാമീണ അന്തരീക്ഷം!!

ഓണക്കാലത്ത് നീലപ്പൂക്കളുള്ള കുളവാഴയും നെല്ലിന്റെ കൂടെ വളരുന്ന വയലൂരി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന കളയും ഉണ്ടായിരുന്നു. വയലിലിറങ്ങി വയലൂരിയുടെ; അരിപോലെയുള്ള; ചെറിയ മണികള്‍ ഊരിയെടുത്ത് പൂവിടാറുണ്ടായിരുന്നു. ക്ര്ഷിക്കുമുന്‍പ് കാളപൂട്ടും കാളമത്സരമായ കാളയോട്ടവും ഉണ്ടായിരുന്നു. ചളിയില്‍കൂടി നുകംവെച്ച കാളകളെ ഓടിച്ചുകൊണ്ട് മരംകൊണ്ടുള്ള നുകത്തിന്റെ ഭാഗമായ കരി എന്ന് പറയുന്ന മണ്ണില്‍ തൊടുന്ന മൂര്‍ച്ചയുള്ള ഭാഗത്തിന്ന് പകരം പലക വെച്ച് അതിന്മേലായിരുന്നു തെളിക്കുന്ന ആള്‍ നിന്നിരുന്നത്. അത് കണ്ടുനിന്നാല്‍ ഇന്നത്തെ ടെലിവിഷനൊന്നും ആവശ്യമില്ല. ആ ചളിയുടെ ഗന്ധം പോലും മനസ്സിലുണ്ട്. കൊയ്ത്തുകാലത്ത് അന്ന് സ്ര്തീതൊഴിലാളികള്‍ വടക്കന്‍ പാട്ടുകള്‍ പാടിക്കൊണ്ടായിരുന്നു അരിവാള്‍കൊണ്ട് കൊയ്തിരുന്നത്. തച്ചോളി ഒതേനന്റെ വീരകഥകളായിരുന്നു ആ പാട്ടുകളുടെ വിഷയം ‘തച്ചോളി മേപ്പേലെ കുഞ്ഞോതേനാ… എന്നു തുടങ്ങി പല വിഷയങ്ങളിലും ആ പാട്ടുകള്‍ അവസാനിക്കുന്നു. മഹാകവി വള്ളത്തോള്‍ സാഹിത്യമജ്ഞരിയില്‍ പണ്ടത്തെ പാട്ടുകളെപ്പറ്റി എഴുതിയത് ഓര്‍ത്തുപോകുന്നു ‘ഞാറു നടുന്ന നിരക്ഷരപ്പെണ്ണുങ്ങള്‍ കൂറോടീ പാട്ടുകള്‍ നീട്ടിപ്പാടി…..’കൊയ്യുമ്പൊഴും വിത്ക്കുമ്പോഴും ഞാറു നടുമ്പോഴും ആയാസരഹിതമായി ജോലിചയ്യാന്‍ അതൊരാവശ്യമായിരുന്നു.

ഈ പരിതസ്ഥിതികള്‍ തിരിച്ചു കൊണ്ടുവരാന്‍ ആരുവിചാരിച്ചാലും സാധിക്കയില്ല. എന്നാല്‍ ഇനിയെങ്കിലും കൂടുതല്‍ നശിപ്പിക്കാതിരിക്കാനുള്ള സന്മനസ്സ് കാണിക്കണം. സരോവരം പാര്‍ക്കിനെ രക്ഷിക്കാനുള്ള മാത്ര്ഭൂമിയുടെ ഉദ്യമങ്ങളും അതോടനുബന്ധിച്ചുള്ള ലേനങ്ങളും വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ആദ്യം കനാലിനെ രക്ഷിച്ചാല്‍ പാര്‍ക്കും രക്ഷപ്പെടും എന്നായിരുന്നു. ശുദ്ധജലം ഒഴുകിവരുന്ന ഒരു കനാലായിരുന്നുവെങ്കില്‍ പാര്‍ക്കിനേയും അത് അനുകൂലമായി സഹായിക്കും. ലോകോത്തര സംസ്‌കാരങ്ങളായ സിന്ധുനദീതട സംസ്‌കാരവും, യൂഫ്രട്ടീസ് ടൈഗ്രീസ്‌നദീതട സംസകാരാവും അതുപോലെയുള്ള പല സംസ്‌കാരങ്ങളുടെയും അടിസ്ഥാനം നദികളായിരുന്നു. എന്നാല്‍ നമ്മള്‍ ഇന്ന് നദികളെയും ജലാശയങ്ങളെയും തള്ളിപ്പറഞ്ഞിരിക്കുകയാണ്. ആസ്പത്രികളിലെ മാലിന്യങ്ങള്‍ അതിലേക്കൊഴുക്കുന്നു, ഫാക്ടറികളിലെയും വ്യവസായശാലകളിലെയും രാസവസ്ഥുകളുടെയും നിര്‍ഗ്ഗമങ്ങള്‍ നദിയില്‍ തന്നെ. പിന്നെയെങ്ങിനെ കനോലിക്കനാല്‍ നന്നാവും? അതു നന്നാവാതെ എങ്ങിനെ സരോവരം നന്നാവും?

കനോലി സായ്‌വിന്റെ മരണം:
അതൊരു കൊലപാതകമായിരുന്നു. കനോലി സായ്‌വിന്റെ കൊലപാതകത്തെപ്പറ്റി പല രീതിയിലുള്ള കാരണങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. ഒരു പകതീര്‍ക്കലിന്റെ കഥ. 1855 സപ്തമ്പര്‍ 11 ന്നായിരുന്നു ആ ഭീകരസംഭവം നടന്നത്. കനോലി സായ്‌വിന്റെ ഭാര്യയുടെ മുന്നില്‍വെച്ച്. മാപ്പിളലഹള നടത്തിയതില്‍ മുന്‍കൈ എടുത്തവരെ ജയിലിലിടാന്‍ കനോലി പറഞ്ഞതും സെയ്ദ്ഫസല്‍ തങ്ങളെ നാടുകടത്തിയതും കനോലി വധത്തിന്നു പിന്നിലെ പ്രധാന കാരണങ്ങളായിരുന്നു എന്ന് പറയപ്പെടുന്നു. 1854ല്‍ മാപ്പിളലഹള സംബന്ധിച്ച് കനോലി; മാപ്പിളനാട്ടിലൊരു പര്യടനം നടത്തി, ഉദ്ദേശ്യം മാപ്പിള ലഹളയുടെ യുദ്ധക്കത്തികള്‍ പിടിച്ചെടുക്കുക എന്നായിരുന്നു. അങ്ങിനെ ഡിസമ്പര്‍ 31ന്ന് തിരിച്ചെത്തുമ്പോഴേക്ക് 2725 യുദ്ധകത്തികള്‍ പിടിച്ചെടുക്കുകയും പലരും കീഴടങ്ങിയ രീതിയില്‍ 7561 യുദ്ധക്കത്തികള്‍ സറണ്ടര്‍ ചെയ്യുകയും ചെയ്തു എന്ന് വില്യംലോഗന്‍ എഴുതി (പേജ് 572 മലബാര്‍ മാന്വല്‍). ഒരു സംഘം അക്രമികളായ മാപ്പിളമാരായിരുന്നു കനോലിയെ സംഘംചേര്‍ന്ന് വധിച്ചതെന്നാണ് ലോഗന്‍സ് മാന്വല്‍ പറയുന്നത്.

പ്രതികളായ വലശേരിഎമലു, പുലിയക്കുന്നത്ത്‌തേനു, ചെമ്പന്‍മൊയ്തീന്‍കുട്ടി വെള്ളത്തടയത്ത്പറമ്പില്‍ മൊയ്തീന്‍ എന്നിവര്‍ 1855 ആഗസ്ത് നാലിന്ന് കോഴിക്കോട് ജയില്‍ ചാടിയശേഷം പല സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞു. അവര്‍ മമ്പ്രം തങ്ങളുടെ ആശ്രമത്തില്‍ പ്രാര്‍ത്ഥനക്ക് കൂടിയ ശേഷം നേരെ കനോലിയുടെ ബംഗ്ലാവിനെ ലക്ഷ്യമാക്കി യാത്രചെയ്തു. കോട്ടയംതങ്ങളുടെ ബന്ധുവും, ഒരു കളവുകേസില്‍ പ്രതിയുമായ കുഞ്ഞിമായന്‍, അസഭ്യഭാഷ ഉപയോഗിച്ചതിന്റെ പേരില്‍ തലശ്ശേരി റോഡില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഭക്ഷണക്ഷാമം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. കണ്ണൂരിന്റെയും തലശേരിയുടെയും ഭരണാധിപനായിരുന്ന ബ്രിഗേഡിയര്‍ അടിയന്തരാവസ്ഥ പോലെയുള്ള ഒരു നിയമം നടപ്പില്‍ വരുത്തിയതും ബ്രിട്ടീഷ്‌കാരോടുള്ള പക, വിദ്വേഷം എന്നിവ വര്‍ദ്ധിക്കാന്‍ കാരണമായെന്ന് പറയപ്പെടുന്നു. മമ്മു എന്നൊരാള്‍ക്ക് കനോലിയോട് പകയുണ്ടായിരുന്നു. ആവ്യക്തിവൈരാഗ്യവും കൊലക്ക് കാരണമായെന്ന് പറയുന്നു. കനാലിന്റെ പണിയിലുണ്ടായിരുന്ന മമ്മു ജോലിയില്‍ വീഴ്ച്ചവരുത്തിയത് കാരണം കനോലി അയാള്‍ക്കെതിരായി കേസ് ഫയല്‍ ചെയ്തു 156 രൂപ വസൂലാക്കാനുള്ള് കോടതി ഓര്‍ഡര്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ കനോലി മമ്മുവിന്റെ പേരിലുണ്ടായിരുന്ന ചെറിയൊരു വസ്തു കണ്ടുകെട്ടാതെ സഹാനുഭൂതിയോടെ പെരുമാറി.

കനോലിയുടെ വധത്തിന്നുപിന്നില്‍ ഒരുപാട് കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും വില്യം ലോഗന്റെ അഭിപ്രായത്തില്‍ അതിലേറ്റവും വിശ്വസനീയമായതിങ്ങിനെയാണ്. ദുര്‍ന്നടപടിക്കാരായ (‘(Ruffians who were men of bad character എന്നാണ് വില്യം ലോഗന്‍ എഴുതിയത്.) ഏഴ് പേരുടെ പട്ടിക അദ്ദേഹം കാണിക്കുന്നു. അവരെല്ലാം കനോലി ഘാതകരുടെ ലിസ്റ്റിലാണ്. കോടതി, അവര്‍ക്ക് പിഴ ചുമത്തിയിരുന്നു. ഈ പിഴ കനോലി അവരുടെ പേരില്‍ കൊടുത്ത കേസിന്റെ കോടതി തീര്‍പ്പായിരുന്നു. കനാലിന്റെ ജോലിയിലെ കൃത്യ നിര്‍വ്വഹണമില്ലായ്മയുടെയും മറ്റ് പലകാരണങ്ങളുടെയും പേരില്‍ കോടുത്ത കേസ്സായിരുന്നു ഇത്. അങ്ങിനെ മാപ്പിളമാരില്‍നിന്ന് കേസ് സംബന്ധമായി ലഭിച്ച പിഴ 30936 രൂപ, പതിമൂന്നണ, പത്ത് പൈ കനോലി വധത്തിന്നു ശേഷം കനോലിയുടെ വിധവക്ക് അനുവദിക്കപ്പെട്ടു.

കൊലപാതകത്തെപ്പറ്റി അന്നത്തെ സബ്കലക്ടര്‍ വിവരിക്കുന്നതിങ്ങിനെയാണ് ‘അതികിരാതമായ രീതിയിലായിരുന്നു, ഒരുകശാപ്പ്ശാലയോടുപമിക്കാവുന്ന രീതിയിലായിരുന്നു ഈ കൊല നടന്നത്. കനോലി പതിവുപോലെ അദ്ദേഹമിരിക്കുന്ന ഉയരംകുറഞ്ഞ സോഫയിലിരിക്കുകയായിരുന്നു. അതിന്നെതിരായി ഉയരം കുറഞ്ഞ മേശയില്‍ ഭാര്യയും ഇരിക്കുന്നുണ്ടായിരുന്നു. ഘാതകന്മാര്‍ കടന്ന വിവരം അവരും കണ്ടിരുന്നില്ല. പിന്നില്‍നിന്നുള്ള ആദ്യത്തെ വെട്ടുതന്നെ മാരകമായിരുന്നു. അടുത്തനിമിഷം മേശപ്പുറത്തുവെച്ചിട്ടുണ്ടായിരുന്ന വിളക്കുകളെല്ലാം തട്ടിമാറ്റി. ആ ക്രൂരന്മാര്‍ കനോലിയുടെ മേല്‍ ചാടി വീണു. എല്ലാ ഭാഗങ്ങളില്‍നിന്നും ആക്രമിച്ചു. ഇടത് കൈ വേര്‍പെട്ടരീതിയിലായി. വലത് കാല്‍മുട്ടിന്ന് ആഴത്തില്‍ മുറിവേറ്റു. പുറത്ത് ആഞ്ഞാഞ്ഞ് കത്തി കുത്തിയിറക്കി. ആകെ 27 മുറിവുകളുണ്ടായിരുന്നു. ഭാര്യയുടെ (Mrs. Conolly) കരച്ചില്‍ കേട്ട് ആരും ഓടി വന്നില്ല. ഇടനാഴിയിലും പുറത്തും ഉണ്ടായിരുന്ന ജോലിക്കാര്‍ നിസ്സഹായരായത് കൊണ്ടാവാം ഓടി വരാതിരുന്നത്. മസ്സാല്‍ജി എന്ന ജോലിയിലുള്ള ആള്‍ ഓടിവന്നു. അയാള്‍ക്ക് നല്ലൊരടിയും കിട്ടി. അയാളുടെ ഇടത് കൈയ്യിലെ നാലു വിരലുകളും നഷ്ടപ്പെട്ടു. അര മണിക്കൂര്‍ കിടന്ന് ഭാര്യയോട് എന്തെല്ലാമോ പറഞ്ഞുകൊണ്ട് കനോലി അന്ത്യ്ശ്വാസം വലിച്ചു.’

കനോലിയെ വധിച്ചശേഷം ഘാതകന്മാര്‍, പന്ത്രണ്ട് മൈല്‍ദൂരെ താമരശ്ശേരി ഭാഗത്തേക്ക് പോയി. സപ്തമ്പര്‍ 11 രാത്രി കൊലപാതകം ചെയ്തശേഷം 12 വൈകുന്നേരം 4 മണിക്ക് മക്കാട്ട് നമ്പൂതിരി ഇല്ലത്തെത്തുകയും രാത്രി 9 മണിവരെ അവിടെ നില്‍ക്കുകയും ചെയ്തു. പിന്നീട് താമരശേരി ഭാഗത്തേക്ക് പോയി, പുല്‍ക്കുട്ടി മോയി എന്നയാളുടെ വീട്ടില്‍. രാത്രി പള്ളിയില്‍ പോയി.

കനോലിയുടെ സ്മരണക്കായുള്ള കനോലി പാര്‍ക്ക് കോഴിക്കോട്ടും അദ്ദേഹത്തിന്റെ പ്രയത്‌നത്താലുണ്ടായ തേക്കിന്‍ കാട് നിലമ്പൂരിലും സ്ഥിതി ചെയ്യുന്നു. ലോകത്തില്‍ മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ തേക്കിന്‍ തോട്ടമാണിത്. നിലമ്പൂരില്‍ ഇതെഴുതിവെച്ച ബോര്‍ഡിലുണ്ട് Forest means water, Water means life, No forest, no life.  ആറേക്കറോളം വിസ്ര്തീര്‍ണ്ണമുള്ള ഇതില്‍ 23ആം നമ്പര്‍ തേക്കാണ് ഏറ്റവും വലുത്.

1806 ഡിസമ്പര്‍ 5ന്ന് ജനിച്ച ഹെന്റ്രി വലന്റൈന്‍ കനോലി എന്ന എച് വി കനോലി മദ്രാസ് പ്രവിശ്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. മലബാറിലെ കലക്ടറും മജിസ്രേ്തട്ടുമായി പ്രവര്‍ത്തിച്ചു. 1855 സപതമ്പര്‍ 11ന്ന് നാല്‍പ്പത്തൊന്‍പതാമത്തെ വയസ്സില്‍ വധിക്കപ്പെട്ടു. അന്നത്തെ മദിരാശിയും ഇന്നത്തെ ചെന്നൈയും ആയ സ്ഥലത്തെ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ മാര്‍ബിളില്‍ അദ്ദേഹത്തിന്റെ സമാരകത്തില്‍ കൊത്തിവെച്ച വാചകങ്ങള്‍:

SACRED TO THE MEMORY OF

HENRY VALENTINE CANOLLY ESQ.

OF THE MADRAS CIVIL SERVICE,

COLLECTOR AND MAGISTRATE OF MALABAR,

AND PROVISIONAL MEMBER OF COUNCIL,

WHO AFTER NEARLY TWELVE YEARS

DEVOTED TO THE IMPROVEMENT OF THE PROVINCE

COMMITTED TO HIS CHARGE,

FELL BY THE HANDS OF A BAND OF FANATICS

ON THE 11TH SEPTEMBER 1855, AGED 49 YEARS.

HIS FRIENDS DESIROUS OF COMMEMORATING

HIS PUBLIC SERVICES AND CHRISTIAN VIRTUES,

HAVE ERECTED, THIS TABLET, AND FOUNDED

THE SCHOLARSHIPS WHICH BEAR HIS NAME.

*****